Tuesday, 3 March 2015

ആ മാത്രയില്‍....

ഇനി രണ്ടോ മൂന്നോ മണിക്കൂര്‍ മാത്രമേ ഉള്ളൂ നാടെത്താന്‍. സന്തോഷമാണോ സങ്കടമാണോ എന്നറിയില്ല. അവസാനപരീക്ഷയും കഴിഞ്ഞു ഉച്ചക്കു കയറിയതാണ്. എല്ലാവരോടും യാത്ര പറയാന്‍ പറ്റിയില്ല.
                               ട്രെയിന്‍ വളരെ വേഗത്തില്‍ കുതിച്ചുകൊണ്ടിരിക്കയാണ്. അവള്‍ തുറന്നിട്ട ജനലിലൂടെ പുറത്തു നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് അകത്തുനിന്നുണ്ടായ ബഹളത്തില്‍ പുറത്തുള്ള കാഴ്ചകളില്‍നിന്ന് അവളുടെ ശ്രദ്ധ പതറി. അതടുത്തു വരുന്നതുപോലെ അവള്‍ക്കു തോന്നി. ആ കോച്ചിലുണ്ടായിരുന്ന സ്ത്രീകളെല്ലാം ഉച്ചത്തില്‍ നിലവിളിക്കുന്നു. എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? ശബ്ദംകേട്ട് ഉറങ്ങിക്കൊണ്ടിരിക്കുകയായിരുന്ന അവളുടെ സഹപാഠികള്‍ ഉണര്‍ന്നു.
                               ബഹളത്തിനു പിന്നിലുള്ള രഹസ്യം അറിയാന്‍ ഒരുപാടു സമയമൊന്നും വേണ്ടിവന്നില്ല. അവിടിവിടായി കീറി അഴുക്കുപുരണ്ട ഷര്‍ട്ടൂം അത്രയും തന്നെ അഴുക്കായ പാന്‍റും പാറിപ്പറക്കുന്ന മുടിയും കൈനിറയെ അപഹരിച്ച പൊന്നും വലത്തെ കൈയില്‍ കത്തിയുമായി ആ മനുഷ്യന്‍  അവളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ട് തന്റെ കൈവശം ഇരിക്കുന്നവയെല്ലാം നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവള്‍ അയാളുടെ കണ്ണുകളിലേക്കു നോക്കുകയായിരുന്നു. ആ കണ്ണുകളിലെ പ്രകാശം എവിടെയോ കണ്ടുമറന്നതുപോലെ അവള്‍ക്കു തോന്നി. അയാളുടെ  തുരുബെടുത്തു തുടങ്ങാറായ കത്തി അവളുടെ കഴുത്തിനുനേരെ നീങ്ങിയപ്പോഴും അവളുടെ കണ്ണുകള്‍ അയാളുടേതില്‍ നിന്നു മാറിയില്ല. ഭയന്നുപോയ അവളുടെ കൂട്ടുകാരികള്‍ അവളുടെ പേരുവിളിച്ചപ്പോഴാണ് സ്വപ്നത്തില്‍ നിന്നെന്നപോലെ ഉണര്‍ന്നത്.
                              അയാളില്‍ പെട്ടെന്നെന്തോ മാറ്റം വന്നതുപോലെ തോന്നി. അയാളും ആ പേര് ഉരുവിട്ടു. അവളുടെ കഴുത്തിനുനേരെ പിടിച്ചിരുന്ന കത്തിയില്‍നിന്ന് അയാളുടെ പിടിവിട്ടു. അത് അവളുടെ മടിയില്‍ വീണു. അയാളാകെ വിളറി വെളുത്തു. ഒരു നിമിഷം ഒരു പ്രതിമപോലെ അയാള്‍ അവിടെ നിന്നു. മദ്ധ്യവയസ്കയായ ഒരുസ്ത്രീ അവരുടെ കൈവശം ഉണ്ടായിരുന്ന ബാഗ്കൊണ്ട് അയാളെ പിറകില്‍ നിന്നാക്രമിച്ചു . മറ്റു സ്ത്രീകളും അവരോടൊപ്പം ചേര്‍ന്നു.  പെട്ടെന്നുള്ള ആക്രമത്തില്‍ അയാള്‍ താഴെ വീണു. കുറേ അടി കൊള്ളേണ്ടിവന്നു. തന്റെ സര്‍വശക്തിയുമെടുത്ത് അയാള്‍ ചാടിയെഴുന്നേറ്റു. പിന്നെ തന്റെ കൈവശമുണ്ടായിരുന്ന എല്ലാം വലിച്ചെറിഞ്ഞിട്ട് തന്നെ ആക്രമിച്ചുകൊണ്ടിരുന്ന സ്ത്രീകളെ തട്ടിമാറ്റി അയാള്‍ മുന്നോട്ടുകുതിച്ചു. തുറന്നുകിടക്കുകയായിരുന്ന വാതില്‍ക്കല്‍ അയാള്‍ ഒരുനിമിഷം നിന്നു. പിന്നെ കണ്ണടച്ച് അയാള്‍ പുറത്തേക്കെടുത്തുചാടി. തനിക്കെന്താണു സംഭവിച്ചതെന്നറിയാതെ അവളിരുന്നു. കൂട്ടുകാരികളിലൊരാള്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് തന്റെ കഴുത്ത് ചെറുതായി മുറിഞ്ഞതവള്‍ ശ്രദ്ധിച്ചത്. ഒരു ചേച്ചി ചോദിച്ചു, "കുട്ടി പേടിച്ചോ?" ഉത്തരം പറയാന്‍ ശബ്ദം പുറത്തുവന്നില്ല. ഭയമല്ല, പിന്നെയെന്താണ്? ചില കുഞ്ഞുങ്ങള്‍ അപ്പോഴും കരയുകയായിരുന്നു. ട്രെയിന്‍യാത്രയിലെ സുരക്ഷയെക്കുറിച്ചും സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചുമായിരുന്നു പിന്നീടുള്ള ചര്‍ച്ച.
                            ട്രെയിന്‍ സ്റ്റേഷനെത്തുന്നതുവരെ ചര്‍ച്ച നീണ്ടുപോയി. അവളുടെ അച്ഛന്‍ സ്റ്റേഷനില്‍ കാത്തുനില്പുണ്ടായിരുന്നു. അവള്‍ "അച്ഛാ" എന്നു വിളിച്ചുകൊണ്ട് അയാളുടെ അടുത്തേക്കോടി. കൂട്ടുകാരികളോട് യാത്ര പറഞ്ഞ് അവളച്ഛനൊപ്പം യാത്രയായി. വീടെത്തുന്നതുവരെ അവളൊന്നും സംസാരിച്ചില്ല. മകളുടെ പതിവിനു വിപരീതമായ പെരുമാറ്റം അയാളും ശ്രദ്ധിക്കാതിരുന്നില്ല. ചോദ്യങ്ങള്‍ക്ക് ചുരുങ്ങിയ വാക്കില്‍ ഉത്തരം നല്‍കി അവള്‍ സംഭാഷണങ്ങളില്‍ നിന്ന് ഒളിച്ചോടി. കിടന്നിട്ട് അവള്‍ക്ക് ഉറക്കം വന്നില്ല. അയാളുടെ കണ്ണില്‍ കണ്ട തിളക്കം തന്നെ വലിച്ചു മുറുക്കുന്നതു പോലെ അവള്‍ക്കു തോന്നി. താന്‍ ഇതിനു മുന്പ് അയാളെ കണ്ടിട്ടുണ്ടോ? അയാള്‍ എന്തുകൊണ്ട് തന്നോടങ്ങിനെ പെരുമാറി? എപ്പോഴോ ഉറക്കം അവളെ ആ പിടിമുറുക്കത്തില്‍ നിന്ന് വിടുവിച്ചു.
                           അവളുടെ കുഞ്ഞനുജത്തി വന്ന് ചെവിയില്‍ ഇക്കിളിയാക്കിയപ്പോഴാണ് ഉറക്കത്തില്‍ നിന്നും അവള്‍ എഴുന്നേറ്റത്. അച്ഛന്‍ ഉമ്മറത്ത് പത്രം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവള്‍ അച്ഛന്റെ പുറകില്‍ പോയിനിന്ന് പത്രത്തിലേക്കു നോക്കി. "നിര്യാതരായി" എന്ന പേജായിരുന്നു അച്ഛന്‍ വായിച്ചുകൊണ്ടിരുന്നത്. ദിവസവും എത്ര എത്ര മരണങ്ങളാണ്! ആ വാര്‍ത്ത അവളുടെ ശ്രദ്ധയാകര്‍ഷിച്ചു, "അജ്ഞാതന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു". അതിനു താഴെ എന്താണെഴുതിയിരിക്കുന്നതെന്ന് അവള്‍ നോക്കിയില്ല. അവള്‍ അടുക്കളയിലേക്ക് നടന്നു, "അതയാളായിരിക്കല്ലേ..." അവള്‍ മനസ്സില്‍ പറഞ്ഞു.
[Article from the annual magazine, Kalpa 2012, of IISER Pune ]


No comments:

Post a Comment